കുഞ്ഞു വിശേഷങ്ങളുമായി ഹമ്മിംഗ് ബേര്‍ഡ്

റ്റവും ചെറിയ പക്ഷി എന്ന റെക്കോര്‍ഡിനുടമയാണല്ലോ മൂളക്കക്കുരുവി അഥവാ ഹമ്മിംഗ് ബേര്‍ഡ്. ഒട്ടേറെ സവിശേഷതകളുള്ള ഈ ജീവിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത് രസകരമായിരിക്കും. 


 • ഹമ്മിംഗ് ബേര്‍ഡ്സ് എന്ന കൊച്ചുപക്ഷികളുടെ കുടുംബത്തിന് ട്രോക്കിലിഡേ (Trochilidae) എന്നാണു ശാസ്ത്രം പേര് കൊടുത്തിരിക്കുന്നത്. ചെറിയ പക്ഷി എന്നാണു ഈ ഗ്രീക്ക്‌ പദത്തിന്റെ അര്‍ഥം. 3 - 5 ഇഞ്ച്‌ വരെയാണ് ഇവയുടെ വലിപ്പം. 5 സെന്റിമീറ്റര്‍ മാത്രം വലിപ്പമുള്ള ബീ ഹമ്മിംഗ് ബേര്‍ഡ് (Bee humming bird) ആണ് ഏറ്റവും ചെറുത്‌ .  
 • ചില ഹമ്മിംഗ് ബേര്‍ഡുകള്‍ക്ക് ഒരു നാണയത്തിന്റെ ഭാരമേ ഉള്ളൂവത്രേ. അത് പോലെ  18 ഹമ്മിംഗ് ബേര്‍ഡ് ചേര്‍ന്നാലേ ഒരു ഔണ്‍സ് വരൂ.
 • ഹമ്മിംഗ് ബേര്‍ഡ് ഏറ്റവും ചെറിയ പക്ഷിയാണെന്നു പറഞ്ഞല്ലോ. അതിന്റെ ശത്രുവായ പ്രേയിംഗ് മാന്റിസിനു ഇതിനേക്കാള്‍ വലിപ്പമുണ്ട്. എന്താണിതിലിത്ര അത്ഭുതം എന്നായിരിക്കും. പ്രേയിംഗ് മാന്റിസ്‌ (പ്രാര്‍ഥിക്കും തുമ്പി) എന്നത് ഒരു ഷഡ്പദമാണ്!!  ഹമ്മിംഗ് ബേര്‍ഡ് അവയുടെ ഇഷ്ട ആഹാരമാണ്.
പ്രേയിംഗ് മാന്റിസ്‌  ഹമ്മിംഗ് ബേര്‍ഡിനെ തിന്നുന്നു 
എന്റെ അഭ്യാസ പ്രകടനങ്ങള്‍  
 • സാധാരണ മണിക്കൂറില്‍ 45 - 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഹമ്മിംഗ് ബേര്‍ഡ് പറക്കും. ചിലപ്പോള്‍ 90 കിലോമീറ്റര്‍ വേഗത്തിലും പറക്കാറുണ്ട് !! ഇവയുടെ ഭാരക്കുറവ് തന്നെയാണ് ഇത്ര വേഗത്തില്‍ പറക്കാന്‍ സാധിക്കുന്നതിന്റെ ഒരു രഹസ്യം. എല്ലാ ദിശകളിലേക്കും (പുറകോട്ടും) പറക്കാന്‍ കഴിയുന്ന ഒരേയൊരു പക്ഷിയാണ് ഹമ്മിംഗ് ബേര്‍ഡ്!
File:Hummingbird Aerodynamics of flight.jpg
 • ഹമ്മിംഗ് ബേര്‍ഡിന്റെ ചിറകടിയുടെ വേഗത അത്ഭുതകരമാണ്. സെക്കന്റില്‍ 55 മുതല്‍ 75 തവണ വരെ! ഒരു സെക്കന്റില്‍ നാം നമ്മുടെ കൈ എത്ര തവണ വീശും എന്ന് പരിശോധിച്ച് നോക്കുക. അപ്പോഴറിയാം ഹമ്മിംഗ് ബേര്‍ഡിന്റെ മഹത്വം. ഇനി വല്ല യന്ത്രവും ഉപയോഗിച്ച് ഹമ്മിംഗ് ബേര്‍ഡിനെ തോല്‍പ്പിച്ചു കളയാമെന്ന തോന്നലുണ്ടോ? അങ്ങനെ ചെയ്താല്‍ നമ്മുടെ കൈ ചൂട് വര്‍ധിച്ചു കത്തിപ്പോകുമത്രേ!!
സീക്രട്ട് ഓഫ് മൈ എനര്‍ജി....
 • ഒരു ദിനം സ്വന്തം ശരീരഭാരത്തിന്റെ 12 ഇരട്ടിയോളം പൂന്തേന്‍ (Nectar) ഹമ്മിംഗ് ബേര്‍ഡ് അകത്താക്കുമത്രേ. അതിനു വേണ്ടി ദിനവും നൂറുകണക്കിന് പൂക്കള്‍ അവ സന്ദര്‍ശിക്കും.
 • പൂന്തേനില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്. അതിനാല്‍ ഇവ ചെറിയ പ്രാണികളെയും ചിലന്തിയേയുമൊക്കെ ആഹാരമാക്കാറുണ്ട്. ഹമ്മിംഗ് ബേര്‍ഡ് ഒരു മിശ്രഭുക്കാണ്‌ എന്ന് പറയാം.
 • ഹമ്മിംഗ് ബേര്‍ഡിന്റെ ഹൃദയം മിനുട്ടില്‍ 615 തവണ മിടിക്കും!! ഇത് ചിലപ്പോള്‍ 1260 തവണ വരെ ആകുമത്രേ! ജന്തുക്കളില്‍ പ്രാണികള്‍ കഴിഞ്ഞാല്‍ പറക്കുന്ന സമയത്ത് ഏറ്റവും ഉയര്‍ന്ന ഉപാപചയം (Metabolism) നടക്കുന്ന ജീവിയാണ് ഹമ്മിംഗ് ബേര്‍ഡ്. (ശരീരത്തില്‍ ഊര്‍ജ്ജം നിര്‍മിക്കാനും വിനിയോഗിക്കുവാനും വേണ്ടി നടക്കുന്ന രാസപ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ വിശേഷിപ്പിക്കുന്ന പേരാണ് ഉപാപചയം). അതിവേഗത്തിലുള്ള ചിറകടി നടക്കണമെങ്കില്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണല്ലോ. അത് കൊണ്ടാണ് ഇത്രയും ഉയര്‍ന്ന നിരക്ക്.
 • രാത്രിയിലും ഭക്ഷണം ലഭിക്കാത്തപ്പോഴും ഇവ ഉപാപചയ നിരക്ക് വളരെയധികം കുറക്കുകയും ഒരു തരം നിദ്രയിലേക്ക് (Torpor) പോവുകയും ചെയ്യുന്നു. ഈ സമയത്ത് അവയുടെ ഹൃദയമിടിപ്പ്‌ മിനുട്ടില്‍ 50 മുതല്‍ 180 തവണ വരേയായി ചുരുങ്ങും. ശ്വസനവേഗതയും വളരെ കുറയുന്നു. ഉപാപചയ നിരക്ക് ഇങ്ങനെ കുറയ്ക്കുമ്പോള്‍ അവക്ക്‌ ഭക്ഷണം അധികം വേണ്ടിവരില്ല. കൊച്ചു കൂട്ടിലെ കൊച്ചു വിശേഷങ്ങള്‍ 
 • മിക്ക ഹമ്മിംഗ് ബേര്‍ഡുകളും മരചില്ലയിലാണ് കൂടുണ്ടാക്കുക. കപ്പിന്റെ ആകൃതിയിലുള്ള ഒരു കൊച്ചു കൂട്. ചില ഇനങ്ങള്‍ അവയുടെ കൂട് ഇലകളില്‍ ബന്ധിപ്പിച്ചാണ് നിര്‍മിക്കുക. പെണ്‍പക്ഷിയാണ് കൂടുണ്ടാക്കുക. ഓരോ ഇനങ്ങള്‍ക്കും കൂടുകള്‍ പല വലിപ്പത്തിലായിരിക്കും. ശരാശരി  വ്യാസം ഒന്നര ഇഞ്ച് ! ചിലതിന്റെ കൂടിനു വാല്‍നട്ടിന്റെ പുറന്തോടിന്റെ വലിപ്പം മാത്രമേ കാണൂ!! 
 • പല ഹമ്മിംഗ് ബേര്‍ഡുകളും ചിലന്തിവല ഉപയോഗിച്ച് തങ്ങളുടെ കൂടിനു നല്ല ബലവും സംരക്ഷണവും നല്‍കാറുണ്ട്. ഇത് കൊണ്ട് മറ്റൊരു ഗുണം കൂടിയുണ്ട്. കൂട്ടില്‍ കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ച് കൂടിനു വികസിക്കാനും കഴിയും ! 
 • ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി എന്ന റെക്കോര്‍ഡും ഹമ്മിംഗ് ബേര്‍ഡിന്റെ പേരിലാണ്. എന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ഹമ്മിംഗ് ബേര്‍ഡിന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവ നല്ല വലിപ്പമുള്ള മുട്ടകള്‍ തന്നെയാണ്. 
 • സാധാരണ രണ്ടു മുട്ടകളാണ് കൂട്ടില്‍ കാണുക. വെളുത്ത മുട്ടകള്‍ . മതിയായ ഊഷ്മാവുണ്ടെങ്കില്‍ അവ രണ്ടു മുതല്‍ മൂന്നു വരെ ആഴ്ച കൊണ്ട് വിരിയുന്നു. പുറത്തു വരുന്ന കുഞ്ഞുങ്ങള്‍ക്ക്‌ അമ്മ പൂന്തേനും ചെറിയ പ്രാണികളെയും ആഹാരമായി നല്‍കുന്നു. തന്റെ കൊക്ക് കുഞ്ഞുങ്ങളുടെ വായിലേക്ക് വെച്ച് കൊണ്ടാണ് ആഹാരം കൊടുക്കുക.  

ദേശാടനം 

 • ഹമ്മിംഗ് ബേര്‍ഡുകളില്‍ ദേശാടനം നടത്തുന്ന  വര്‍ഗമാണ് റൂബി ത്രോട്ടഡ് ഹമ്മിംഗ് ബേര്‍ഡ് (Ruby throated Humming bird). മെക്സിക്കന്‍ ഉള്‍ക്കടലിന് കുറുകെ 800 കിലോമീറ്റര്‍ ആണ് ഇത് തുടര്‍ച്ചയായി പറക്കുക!! ഇതെങ്ങനെ സാധിക്കുന്നു എന്നല്ലേ? ദേശാടനം നടത്തുന്നതിനു മുമ്പ്‌ മൂപ്പര്‍ നന്നായി ആഹാരം കഴിച്ചു ശരീരത്തില്‍ പരമാവധി കൊഴുപ്പ് ശേഖരിക്കും. അങ്ങനെ ശരീരഭാരം വളരെയേറെ വര്‍ധിക്കും. ഈ കൊഴുപ്പില്‍ നിന്നും കിട്ടുന്ന ഊര്‍ജ്ജമാണ് പറക്കുന്ന വേളയില്‍ അവ ഉപയോഗപ്പെടുത്തുക. 
അഴകിന്റെ രഹസ്യം  
 • പക്ഷികളില്‍ പൊതുവേ കാണാന്‍ ഭംഗിയുള്ളവര്‍ ആണ്‍വര്‍ഗമാണല്ലോ. ആ നിയമം ഹമ്മിംഗ് ബേര്‍ഡും തെറ്റിച്ചിട്ടില്ല. എങ്കിലും ഇവരില്‍ പെണ്‍വര്‍ഗ്ഗവും കാണാന്‍ നല്ല ഭംഗിയാണ്. 
File:Hummingbird feather.jpg
ഹമ്മിംഗ് ബേര്‍ഡിന്റെ തൂവല്‍ 
 • പല ഹമ്മിംഗ് ബേര്‍ഡുകള്‍ക്കും വളരെ മനോഹരമായ വര്‍ണതൂവലുകള്‍ ഉണ്ട്. പലതിനും ഈ വര്‍ണങ്ങള്‍ ഉണ്ടാവുന്നത് ഏതെങ്കിലും വര്‍ണവസ്തുക്കള്‍ ഉള്ളത് കൊണ്ടല്ല. മറിച്ചു, അവയുടെ തൂവലുകളില്‍ പ്രിസം പോലെ പ്രവര്‍ത്തിക്കുന്ന ചില കോശങ്ങള്‍ ഉണ്ട്. അവയില്‍ പ്രകാശം പതിക്കുമ്പോള്‍ പ്രകാശത്തിലെ പല തരംഗ ദൈര്‍ഘ്യത്തിലുള്ള ഘടകവര്‍ണങ്ങള്‍ വേര്‍പിരിയുന്നു. അപ്പോള്‍ തൂവലുകള്‍ പല വര്‍ണങ്ങളില്‍ കാണപ്പെടുന്നു. 

മറ്റു വിശേഷങ്ങള്‍  

 • ഹമ്മിംഗ് ബേര്‍ഡിന്റെ തലച്ചോറ് ശരീരത്തിന്റെ 4.2% വരും. ശരീരവലിപ്പവും ഭാരവും വെച്ച് നോക്കുമ്പോള്‍ ഏറ്റവും വലിയ തലച്ചോറുള്ള പക്ഷി ഹമ്മിംഗ് ബേര്‍ഡ് ആണ്!
 • ഒരു ഹമ്മിംഗ് ബേര്‍ഡിന്റെ ശരാശരി ആയുസ്സ്‌ 3 - 5 വര്‍ഷം വരെയാണ്.
 • ഹമ്മിംഗ് ബേര്‍ഡിനു നടക്കാന്‍ കഴിയില്ല.
 • ഹമ്മിംഗ് ബേര്‍ഡിന്റെ നാവ്‌ അറ്റം പിളര്‍ന്ന രീതിയിലുള്ളതാണ്.
ഹമ്മിംഗ് ബേര്‍ഡിന്റെ നാവിന്റെ അഗ്രം വലുതാക്കി കാണിച്ചത്.


8 Comments

 1. സംഗതി ജോറായിട്ടാ.... ഹമ്മിംഗ് ബേര്‍ഡ് ഒരു ചെറ്യേ പക്ഷ്യാണെന്ന് മുമ്പേ കേട്ട്ക്ക്ണ്... ഇപ്പൊ കൊറച്ചും കൂടി വിശേഷങ്ങള്‍ കിട്ടി... കേമായിട്ടുണ്ട്.. ആശംസകള്‍

  ReplyDelete
 2. പിറകോട്ട് പറക്കാൻ കഴിയുന്ന ഒരേയൊരു പക്ഷിയുടെ കൂടുതൽ വിശേഷങ്ങൾ പറഞ്ഞു തന്നതിന് നന്ദിയുണ്ട്. ആശംസകൾ.

  ReplyDelete
 3. അടക്കാകിളി എന്നാണ് ഞങ്ങളുടെ നാട്ടിൽ ഇതിന്റെ പേര് അറിവുകൾ പങ്ക് വെച്ചതിന് നന്ദി

  ReplyDelete
  Replies
  1. ഹമ്മിംഗ് ബേര്‍ഡ് അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ആണ് കാണപ്പെടുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ ഈ പക്ഷിയോടു രൂപസാദൃശ്യമുള്ള സണ്‍ ബേര്‍ഡ്സ് കാണപ്പെടുന്നു. അടക്കാ കുരുവി എന്ന് താങ്കള്‍ പറഞ്ഞത് ഇതിനെ കുറിച്ചായിരിക്കണം.

   Delete
 4. പുതിയ അറിവുകള്‍....

  സ്കൂള്‍ പഠന കാലത്ത്‌ ക്വിസ്‌ മത്സരങ്ങള്‍ക്കായി "മുന്നോട്ടും പിന്നോട്ടും പറക്കാന്‍ കഴിയുന്ന ജീവി - ഹമ്മിംഗ് ബേര്‍ഡ്" എന്ന് പഠിച്ചതില്‍ കൂടുതല്‍ ഒന്നും ഈ ജീവിയെ പറ്റി അറിയില്ലായിരുന്നു.
  ഈ ഉദ്യമത്തിനു ആശംസകള്‍...

  ReplyDelete
 5. good one, thank u

  ReplyDelete
 6. അറിവുകൾ പങ്ക് വെച്ചതിന് നന്ദി

  ReplyDelete
 7. ഈ പക്ഷി ചർദ്ദിക്കുമോ

  ReplyDelete
Post a Comment
Previous Post Next Post