ഉറുമ്പ് വിശേഷങ്ങള്‍
ളരെ രസകരവും വിചിത്രവുമാണ് ഉറുമ്പുകളുടെ ജീവിത രീതി. അവയുടെ പല പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യന്റെതിനോട് സാമ്യതയുണ്ട്. എന്നാല്‍ മനുഷ്യര്‍ പഠിക്കേണ്ടതായ കുറെ പാടങ്ങളും ഉറുമ്പ നമുക്ക് നല്‍കുന്നുമുണ്ട്. ചില രസികന്‍ വിശേഷങ്ങള്‍ വായിക്കൂ.
തേനീച്ചകളെ പോലെ ഉറുമ്പ്‌ കോളനിയിലും റാണിയും തൊഴിലാളികളുമൊക്കെ   ഉണ്ട്. തൊഴിലാളികള്‍ പെണ്‍വര്‍ഗം തന്നെയാണ്. ഉറുമ്പ്‌ കോളനിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുക്കളെ നേരിടാന്‍ വേണ്ടി പട്ടാളക്കാരും ഉണ്ട്. അവരും  പെണ്‍ വര്‍ഗം തന്നെ!! ആണ്‍ വര്‍ഗം ചെയ്യുന്നതോ  തിന്നുക, റാണിയുമായി ഇണ ചേരുക! പരമ സുഖം.


ഇണ ചേരും മുമ്പ് റാണിക്കും   ആണ്‍ ഉറുമ്പുകള്‍ക്കും   ചിറകുണ്ടായിരിക്കും. ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ ചിറകു കൊഴിഞ്ഞു പോകും. എന്നാല്‍ പെണ്‍ ഉറുമ്പുകള്‍ക്ക് ചിറകില്ല, അവ ഇണ ചേരുകയുമില്ല. 
ഒരു കോളനിയിലെ റാണി ചത്താല്‍ ആ കോളനി നശിക്കും. കാരണം  റാണി ചത്താല്‍ മുട്ടയിടാന്‍ പിന്നെയാരുണ്ട്? 

ഹണി പോട്ട് (Honey  pot )  എന്നയിനം ഉറുമ്പുകളുടെ ജീവിത രീതി ഇങ്ങനെ: 
തൊഴിലാളി ഉറുമ്പുകള്‍ തേന്‍ ശേഖരിച് മറ്റു ചില ഉറുമ്പുകള്‍ക്ക് നല്‍കുന്നു. കുറെയധികം തേന്‍ കൊടുത്ത് അവരുടെ വയറങ്ങു വീര്‍പ്പിക്കും! ഒരു നല്ല തേന്‍ കുടമായി അത് മാറും. ഈ ഉറുമ്പുകളെ കൂടിന്റെ ഭിത്തിയില്‍ തൂക്കിയിടുന്നു. എന്നിട്ട് ആവശ്യമുള്ളപ്പോള്‍ കുറേശെ തേന്‍ എടുത്ത്  കഴിക്കുന്നു.   വറുതി കാലത്തേക്ക് ജീവനുള്ള ഒരു കലവറ അല്ലെ?ഉറുമ്പുകളിലെ കര്‍ഷകരാണ് ഇല മുറിയന്‍ ഉറുമ്പുകള്‍ (Leaf  cutter  ants ). ഇവ ഇലകള്‍ ചെറു കഷ്ണങ്ങളാക്കി മാറ്റി മണ്ണിനടിയിലുള്ള മാളങ്ങളില്‍ സൂക്ഷിച്ചു വെക്കുന്നു. അവ ചീയാന്‍ തുടങ്ങുകയും പൂപ്പലുകള്‍ (ഫംഗസ്) വളരുകയും ചെയ്യും. ഈ പൂപ്പലുകള്‍ അവയുടെ ആഹാരമാണ്. പൂപ്പല്‍ കൃഷി! അല്ലെ?    


ചിലയിനം ഉറുമ്പുകള്‍ക്ക് 'മൃഗപരിപാലനമാണ് ' താല്പര്യം. അവ 'അഫിഡ്' (Aphid )  വര്‍ഗത്തില്‍ പെട്ട ചില ഷഡ്പദങ്ങളുടെ മുട്ടകള്‍ ശേഖരിച് കൂട്ടില്‍ കൊണ്ട് വരുന്നു. അവിടെ വെച്ച് മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങളെ ധാരാളം  ഭക്ഷണം  കൊടുത്ത് വളര്‍ത്തുന്നു. ഈ പ്രാണികള്‍ തേനിനു സമാനമായ ഒരു ദ്രാവകം സ്രവിക്കും. ഇത് ഉറുമ്പുകളുടെ ഇഷ്ട ആഹാരമാണ്. മനുഷ്യന്‍ പാലിന് വേണ്ടി കാലികളെ വളര്‍ത്തുന്നത് പോലെയാണിത്. ഉറുമ്പുകളിലെ മോഷ്ടാക്കളെ ഇനി പരിചയപ്പെടാം. സ്ലേവ് മേക്കര്‍ (Slave  maker) എന്നയിനം ഉറുമ്പ മറ്റു ഉറുമ്പുകളുടെ കൂട്ടില്‍ കയറി അവയുടെ പ്യൂപ്പകള്‍ മോഷ്ടിക്കുന്നു. ഇത് വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങള്‍ പിന്നെ അവരുടെ കോളനിയിലെ അടിമകളായി മാറും!! വേറെ ചില ഉറുമ്പുകള്‍ ഭക്ഷണമായിരിക്കും മോഷ്ടിക്കുക. 


ഉറുമ്പിന്റെ കടിയേല്‍ക്കാത്ത ആരുമുണ്ടാവില്ല. ആശുപത്രിയില്‍ ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ ഒരു ഉറുമ്പ്‌ കടിക്കുന്ന വേദനയെ ഉണ്ടാവൂ എന്ന് കുട്ടികളെ ആശ്വസിപ്പിക്കാറുണ്ടല്ലോ. എന്നാല്‍ ചില ഉറുമ്പുകളുടെ കടി മാരകമാണ്. ഉദാഹരണത്തിന് ഓസ്ട്രേലിയില്‍ കാണപ്പെടുന്ന ബ്ലാക്ക്‌ ബുള്‍ഡോഗ് (Black bulldog) എന്നയിനം ഉറുമ്പിന്റെ കടി അതിഭീകരമാണ്. ഒറ്റക്കടിക്ക് ഒരാളെ കൊല്ലാന്‍ വരെ അതിനു കഴിയും!!
ഉറുമ്പ്‌ കടിക്കുമ്പോള്‍ ഉണ്ടാകുന്ന നീറ്റലിന് കാരണം അവ ശരീരത്തിലേക്ക് കടത്തിവിടുന്ന ഫോര്‍മിക് ആസിഡ്‌ (Formic acid) എന്ന രാസവസ്തു മൂലമാണ്.തായ്ലാന്റുകാരുടെ വിശേഷപ്പെട്ട ആഹാരമാണ് ഉറുമ്പിന്റെ ലാര്‍വകള്‍ . നല്ല പ്രോട്ടീന്‍ സംപുഷ്ടമായതും രുചികരവുമാണത്രേ ഇത്.
താഴെ കാണുന്ന ചിത്രങ്ങള്‍ എന്താണെന്ന് മനസ്സിലായോ? സ്വന്തം കോളനിയിലേക്ക്‌ അതിക്രമിച്ചോ വഴിതെറ്റിയോ കയറുന്ന മറ്റു ഉറുമ്പുകളെ തുരത്തിയോടിക്കുന്ന രംഗങ്ങളാണിത്. ഇത്തിരി മനുഷ്യസ്വഭാവം മൂപ്പര്‍ക്കുണ്ട് അല്ലെ?


Post a Comment (0)
Previous Post Next Post