അട്ടയെ കുറിച്ച്


ചെറുപ്പത്തില്‍ അട്ടകളെ  കാണാന്‍ മഴക്കാലത്ത് പാടത്തേക്ക്‌ ഓടിയതും 'കൊതി' തീരുവോളം അവയുടെ കടി കൊണ്ടതും ഇന്നെന്റെ മനസ്സില്‍ മധുരിക്കും ഓര്‍മകളായി നില നില്‍ക്കുന്നു. അവരെ കുറിച്ച് ഇത്തിരി കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ അതവരോടുള്ള നന്ദികേട്‌ ആയെങ്കിലോ?

  • ജന്തു ലോകത്തെ അനലിഡ (Annelida) എന്ന ഫൈലത്തിലെ ഹിറുഡീനിയ (Hirudinea) വര്‍ഗത്തിലെ അംഗമാണ് അട്ടകള്‍ (Leech)മണ്ണിരയുടെ ഗ്രൂപിലാണ് അട്ടകളുടെയും സ്ഥാനം. 
  • ഇളംപച്ച മുതല്‍ കറുപ്പുവരെ പല നിറങ്ങളിലുള്ള അട്ടകളുണ്ട്. ഇവയുടെ ശരീരത്തിന്റെ രണ്ടറ്റത്തും പറ്റിപ്പിടിക്കാന്‍ സഹായിക്കുന്ന കപ്പുകള്‍ പോലെയുള്ള ഭാഗങ്ങളുണ്ട്. സക്കര്‍ (Suckers) എന്നാണവയുടെ പേര്. പിന്‍ ഭാഗത്തുള്ള സക്കര്‍ ആണ് സാധാരണ പറ്റിപ്പിടിക്കുവാന്‍ ഉപയോഗിക്കുന്നത്. 
  • അട്ടകള്‍ പൊതുവേ ശുദ്ധജലജീവികളാണ്. എന്നാല്‍ നനവുള്ള മണ്ണിലും കടലിലും ഇവ കാണപ്പെടുന്നുണ്ട്. 
  • ലോകത്ത് ഏതാണ്ട് 290-ഓളം ഇനം അട്ടകള്‍ ഉണ്ട്.  ഹിമോപ്സിസ് മാര്‍മൊറേറ്റസ് (Haemopsis marmoratus) എന്ന കുതിരയട്ടകള്‍ ചെളിയിലും ചെറിയ വെള്ളക്കുഴികളിലും കാണപ്പെടുന്നു. മണ്ണിരയെ ആഹാരമാക്കുന്ന ട്രോക്കീറ്റ (Trocheta) എന്നൊരിനം പൂന്തോട്ടങ്ങളിലും മറ്റും കാണാറുണ്ട്. 
  • അക്കാന്തോബ്ഡെല്ല (Acanthobdella) എന്ന ഒരിനം ഒഴികെ ബാക്കി എല്ലാ അട്ടകളുടെയും ശരീരം 33 ഖണ്ഡങ്ങള്‍ (Segments) ചേര്‍ന്നുണ്ടായതാണ്. 
  • അട്ടകള്‍ക്ക് ശരീരത്തെ വളരെയധികം വലിച്ചു നീട്ടാനുള്ള കഴിവുണ്ട്.
നോവിക്കയില്ല ഞാന്‍ പക്ഷെ ചോരയെടുക്കും...

  • അട്ടകള്‍ മനുഷ്യന്റെയും കന്നുകാലികളുടെയും മറ്റും രക്തം ഊറ്റിയെടുക്കുന്ന പരാദമാണ്. പുഴുക്കള്‍ , ഒച്ചുകള്‍ മുതലായ ചെറു ജീവികളെ ഭക്ഷിക്കുന്ന ഇനങ്ങളും അട്ടകളിലുണ്ട്.  
  • പാടത്തോ മറ്റോ നടക്കുമ്പോള്‍ നാമറിയാതെയാണ് അട്ടകള്‍ കാലില്‍ കയറിക്കൂടുക. ഇടയ്ക്കിടയ്ക്ക് കാലില്‍ നോക്കാഞ്ഞാല്‍ കേറിക്കേറി എവിടെ വരെ എത്തുമെന്ന് പറയാന്‍ പറ്റില്ല. രക്തം വലിച്ചെടുക്കുന്ന സമയത്തും നാം വിവരം അറിയണമെന്നില്ല! അത്രയ്ക്ക് വിദഗ്ദ്ധമായാണ് ഇവരുടെ നീക്കം. ഇവന്മാരുടെ മറ്റൊരു സൂത്രം കൂടി പറയട്ടെ. മുറിവിലൂടെ രക്തം കട്ട പിടിക്കുന്നത്‌ തടയാന്‍ 'ഹിരുഡിന്‍' (Hirudin) എന്നൊരു രാസവസ്തുവിനെ കടത്തിവിടും. പിന്നെ ഒരു തടസവുമില്ലാതെ ജൂസ് കുടിക്കുന്ന മാതിരി രക്തം കുടിക്കാം!! ഒരു തവണ രക്തം കിട്ടിയാല്‍ പിന്നെ മൂപ്പര്‍ക്ക്‌  അത് കൊണ്ട് ഒമ്പത് മാസം വരെ  സുഖമായി കഴിയാം. മറ്റൊരു ആഹാരവും വേണ്ട. അട്ടയെ പട്ടിണിക്കിട്ടു കൊല്ലാന്‍ നോക്കേണ്ടതില്ല എന്നര്‍ത്ഥം. 
  • അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തുക എന്നൊരു പ്രയോഗം കേട്ടിട്ടില്ലേഅട്ടകള്‍ ശരീരത്തില്‍ ശക്തമായി അള്ളിപ്പിടിച്ചിരിക്കും. അവയെ കൈ കൊണ്ട് വേര്‍പെടുത്താന്‍ ഇത്തിരി പാടാണ്. ഉപ്പ് വിതറുകയോ സോപ്പ്‌ വെക്കുകയോ ചൂടേല്‍പ്പിക്കുകയോ ചെയ്താല്‍ പെട്ടെന്ന് നീങ്ങിപ്പോകാറുണ്ട്.
ആണല്ല, പെണ്ണല്ല....
  • അട്ടകളില്‍ ആണ്‍വര്‍ഗം, പെണ്‍വര്‍ഗം എന്നിങ്ങനെ രണ്ടു വര്‍ഗക്കാര്‍ ഇല്ല.  പുബീജവും (Sperm) സ്ത്രീബീജവും (ovum) ഒരു ശരീരത്തില്‍ തന്നെ കാണപ്പെടുന്നു. അതായത് അവ ഉഭയലിംഗ ജീവികളാണ്. ഇവയുടെ ശരീരത്തില്‍ രൂപപ്പെടുന്ന കൊക്കൂണുകള്‍ (cocoons) എന്ന കൂടിനുള്ളില്‍  മുട്ടകള്‍ നിക്ഷേപിക്കുന്നു. ഇവ വിരിഞ്ഞ് അട്ട കുഞ്ഞുങ്ങള്‍ പുറത്തുവരുന്നു. 
എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക്‌ ശമനം തരാം 

  • അട്ടകള്‍ മനുഷ്യന് ദോഷകരമാണെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക്‌ തെറ്റി. ഹിറുഡോ മെഡിസിനാലിസ് (Hirudo medicinalis) എന്നയിനം അട്ടകളെ പണ്ട് മുതലേ രോഗചികില്‍സക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. വീക്കങ്ങളില്‍ നിന്നും ദുഷിച്ച രക്തത്തെ വലിച്ചുമാറ്റുവാന്‍ ഈ അട്ടകള്‍ ഉപയോഗപ്പെടുത്തുന്നു. അവക്ക്‌ ആഹാരം, നമുക്ക്‌ രോഗശമനം! കൊള്ളാം അല്ലെ? ലീച് തെറാപ്പി (Leech therapy) എന്നാണു ഈ ചികിത്സക്ക് പറയുന്ന പേര്.

2 Comments

  1. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

    ReplyDelete
  2. അഭിനന്ദനങ്ങള്‍

    ReplyDelete
Post a Comment