തേനീച്ച എന്ന എന്‍ജിനീയര്‍


ഠിനാധ്വാനത്തിന്റെ മികച്ച  മാതൃകയാണ് തേനീച്ചകള്‍ . അവയുടെ സാമൂഹികജീവിതത്തില്‍ നിന്ന് മനുഷ്യന് വളരെയേറെ പഠിക്കാനുണ്ട്. തേനീച്ചയെ കുറിച്ച് ചില തേനൂറും കൌതുക വാര്‍ത്തകള്‍ വായിക്കൂ...

ഞങ്ങളുടെ കുടുംബത്തെ കുറിച്ച്

  • ജന്തുലോകത്തെ ഏറ്റവും വലിയ ഗ്രൂപായ ഷഡ്പദങ്ങളില്‍ (Insects) ആണ് തേനീച്ച (Honeybee) ഉള്‍പ്പെടുന്നതെന്ന് അറിയാമല്ലോ. എപിഡേ (Apidae) എന്നാണ് തേനീച്ചകളുടെ കുലം അറിയപ്പെടുന്നത്. മറ്റു ഷഡ്പദങ്ങള്‍ക്കുള്ളത് പോലെ ശിരസ്സ് (Head), ഉരസ്സ് (Thorax), ഉദരം (Abdomen) എന്നീ പ്രധാന ശരീര ഭാഗങ്ങള്‍ തേനീച്ചക്കുണ്ട്. ശിരസ്സിന്റെ മുകള്‍ ഭാഗത്ത് രണ്ടു ചെറിയ ആന്റിനകള്‍ , രണ്ടു സംയുക്തനേത്രങ്ങള്‍ , താഴ്ഭാഗത്ത്‌ വദനാവയവങ്ങള്‍ (Mouth parts) എന്നിവ കാണാം. ശരീരത്തിന്റെ മധ്യഭാഗമായ ഉരസ്സിലാണ് രണ്ടു ജോഡി ചിറകുകളും മൂന്നു ജോഡി കാലുകളും ഉള്ളത്. ഇനി തേനീച്ചയുടെ അഡ്രസ്സ് കേട്ടോളൂ
Kingdom: Animalia
Phylum: Arthropoda
Class: Insecta (Hexapoda)
Order: Hymenoptera
Family: Apidae
Genus: Apis
  • Apis indica, Apis florea, Apis dorsata, Apis mellifera തുടങ്ങിയ പലതരം തേനീച്ചകള്‍ ഉണ്ട്.
  • സാധാരണ കാണാറുള്ള ഒരു കൂട്ടില്‍ ഏകദേശം 45 ,000 തേനീച്ചകള്‍ ഉണ്ടായിരിക്കും. അവയില്‍ മൂന്ന് വിഭാഗക്കാരാണ് ഉള്ളത്: റാണി (Queen), വേലക്കാരികള്‍ (Workers), മടിയന്മാര്‍ (Drones).

ശരിക്കും ഞാനൊരു റാണി 

  • ഇവള്‍ പേര് പോലെ കൂട്ടില്‍ റാണിയായി വാഴും. ഒരു കൂട്ടില്‍ സാധാരണ ഒരു റാണിയെ കാണൂ. ഒന്നിലധികം ഉണ്ടായാല്‍ അവര്‍ തമ്മില്‍ അടിപിടി ഉറപ്പ്. അതില്‍ തോല്‍ക്കുന്നയാള്‍ പുറത്തു പോയി വേറെ കോളനി സ്ഥാപിക്കണം എന്നാണു നിയമം!!
  • റാണി മറ്റു തേനീച്ചകളെക്കാള്‍  വലിപ്പമുള്ളതും നീളമുള്ളതുമായിരിക്കും.
  • ഇണ ചേരുകയും മുട്ടയിടുകയും ചെയ്യുക എന്നതൊഴിച്ചാല്‍ വേറെ ഒരു പണിയും റാണിക്കില്ല. റാണിയെ പരിചരിക്കാനും ആഹാരം കൊടുക്കാനും റാണി ഇടുന്ന മുട്ടകള്‍ സൂക്ഷിച്ചു വെക്കാനുമൊക്കെ വേലക്കാരികള്‍ ഉണ്ട്! നോ ടെന്‍ഷന്‍ ! പരമസുഖം. 
  • ജനിച്ച് ഏഴ് നാള്‍ കഴിഞ്ഞാല്‍ റാണി കൂടിനു വെളിയിലേക്ക് പറക്കും. പിന്നാലെ മടിയനീച്ചകള്‍ അഥവാ ആനീച്ചകള്‍ വരുന്നു. അവയില്‍ ഒരാള്‍ക്ക് മാത്രം റാണിയുമായി ഇണ ചേരാം. അതാണ്‌ റാണിയുടെ ആദ്യത്തെയും അവസാനത്തെയും ഇണ ചേരല്‍ !! 

ഞങ്ങളുടെ ജീവിതം സേവനത്തിന് 

  • വേലക്കാരി തേനീച്ചകള്‍ പെണ്‍വര്‍ഗമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജീവിതം മുഴുവന്‍ കഠിനാധ്വാനത്തിന്റെ മികച്ച മാതൃകയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. കൂട് നിര്‍മിക്കുക, പൂന്തേനും പൂമ്പൊടിയും ശേഖരിക്കുക, റാണിയെയും അതിന്റെ മുട്ടകളെയും ലാര്‍വകളെയും പരിചരിക്കുക,  കൂട് വൃത്തിയാക്കുക, കൂട് തണുപ്പിക്കുക, ശത്രുക്കളെ തുരത്തിയോടിക്കുക മുതലായവയൊക്കെ അതില്‍ പെടുന്നു. ഓരോ ജോലിക്കും പ്രത്യേകം ആളുകളെ നിശ്ചയിച്ചിരിക്കും. 
  • വേലക്കാരികള്‍ക്ക് അവയുടെ ജോലികള്‍ ചെയ്യാന്‍ ആവശ്യമായ ശരീരഘടന ഉണ്ടായിരിക്കും. ശക്തിയുള്ള താടികളും പൂമ്പൊടി ശേഖരിക്കാന്‍ പാകത്തിലുള്ള കാലുകളും ഉദരത്തിന്റെ പിന്‍ഭാഗത്തുള്ള വിഷസൂചിയും ഉള്‍ഭാഗത്തുള്ള മെഴുക് ഗ്രന്ഥികളും ഇവര്‍ക്ക് മാത്രമുള്ള സവിശേഷതകളാണ്. ശത്രുക്കളെ നേരിടാന്‍ വേണ്ടിയാണ് വിഷസൂചി ഉപയോഗിക്കുക. 
  • വേലക്കാരികള്‍ ആണ്‍ തേനീച്ചയുമായി ഇണ ചേരുകയോ മുട്ടയിടുകയോ ചെയ്യില്ല. കാരണം അവക്ക്‌ പ്രത്യുല്പാദന വ്യവസ്ഥ ഇല്ലെന്നത് തന്നെ. അതിനൊക്കെ റാണി ഉണ്ടല്ലോ.
  • മറ്റു വിഭാഗക്കാരേക്കാള്‍ വലിപ്പം കുറഞ്ഞവയാണ് വേലക്കാരികള്‍ . എന്നാല്‍ ഒരു കൂട്ടില്‍ 90% അംഗങ്ങളും ഇവരാണ്! 
  • തേനീച്ചകള്‍ ശരാശരി മണിക്കൂറില്‍ 13-15 മൈല്‍ വേഗത്തില്‍ പറക്കുന്നു. ഒരു ഔണ്‍സ് (ഏകദേശം 6 ടീസ്പൂണ്‍ ) തേന്‍ നിര്‍മിക്കാന്‍ ഒരു തേനീച്ചക്ക് 1600 യാത്രകള്‍ നടത്തണം. ഓരോ യാത്രയും 6 മൈല്‍ വരുമെന്ന് ഓര്‍ക്കുക. 2 പൗണ്ട് (900 ഗ്രാം) തേന്‍ ഉണ്ടാക്കാന്‍ ഭൂമിയെ നാല് തവണ ചുറ്റിയാല്‍ ഉള്ളത്ര ദൂരം അവയ്ക്ക് യാത്ര ചെയ്യണം!! 
  • 2 മില്യണ്‍ പൂക്കള്‍ സന്ദര്‍ശിച്ചാലെ ഒരു പൗണ്ട് (ഏകദേശം 450 ഗ്രാം) തേന്‍ ഉണ്ടാക്കാന്‍ കഴിയൂ. ഇതിനു വേണ്ടി ഒരു കൂട്ടിലെ തേനീച്ചകള്‍ 55 ,000 മൈല്‍ ദൂരം പറക്കുന്നു. ഒരു കൂട്ടില്‍ നിന്നും വരുന്ന തേനീച്ചകള്‍ പ്രതിദിനം ഏകദേശം 225,000 പൂക്കള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഒരു തേനീച്ച പ്രതിദിനം 50 മുതല്‍ 1000 പൂക്കള്‍ വരെ സന്ദര്‍ശിക്കും. 
Apis indica
  • ഏകദേശം 8 പൗണ്ട് (3.6 കി.ഗ്രാം) തേന്‍ കഴിച്ചാലേ തേനീച്ചക്ക് 1 പൗണ്ട് തേന്‍ മെഴുക് ഉണ്ടാക്കാന്‍ കഴിയൂ. 
  • 12 തേനീച്ചകളുടെ ജീവിതകാലത്തെ മൊത്തം അധ്വാനമാണ് ഒരു ടീസ്പൂണ്‍ തേന്‍ . 

പൂന്തേന്‍ തേനായി മാറുന്നതെങ്ങനെ?

  • പെണ്‍ തേനീച്ച ശേഖരിക്കുന്ന പൂന്തേന്‍ (Nectar) ഉമിനീരുമായി ചേര്‍ത്തു വിഴുങ്ങുന്നു. ഉമിനീരുമായ പ്രവര്‍ത്തനം മൂലം പൂന്തേനിലെ സൂക്രോസ്‌ എന്ന പഞ്ചസാര ഗ്ലുക്കോസ്, ഫ്രക്‌റ്റോസ് എന്നീ പഞ്ചസാരകളായി മാറുന്നു. കൂട്ടിലെത്തിയ തേനീച്ചകള്‍ വയറ്റില്‍ ഉള്ള തേന്‍ തികട്ടി  തേനറകളില്‍ നിക്ഷേപിക്കുന്നു. ഒരു തരം ഛര്‍ദിക്കല്‍ തന്നെ! (ഇനി തേനീച്ചയുടെ  ഛര്‍ദില്‍ കഴിക്കുന്നു എന്ന് കരുതി പ്രയാസപ്പെടേണ്ട. അതൊരു മാലിന്യമല്ല, വിശേഷപ്പെട്ട ആഹാരമാണെന്നോര്‍ക്കുക). 
  • അറകളില്‍ ശേഖരിച്ച തേനില്‍ ജലാംശം കൂടുതലായിരിക്കും. അതിനാല്‍ തേനീച്ചകള്‍ അവയുടെ ചിറകു വീശി അധികമുള്ള ജലാംശം നീക്കം ചെയ്യുന്നു!! തേന്‍ കേടു കൂടാതിരിക്കാന്‍ ഇത് സഹായിക്കുന്നു.

ഞങ്ങളുടെ കൂട് A.C യാണെ...

  • പെണ്‍ തേനീച്ചകള്‍ കൂട് തണുപ്പിക്കുന്നത് എങ്ങനെയാണെന്നോ? അവ അവയുടെ ചിറകുകളില്‍ വെള്ളം കൊണ്ടുവരും. എന്നിട്ട് കൂടിനടുത്ത് വന്നു തുടര്‍ച്ചയായി ചിറകിട്ടടിക്കും. ഇത് കൂടിനെ തണുപ്പിക്കുന്നു. 

ആണുങ്ങളെ പറയിപ്പിക്കാന്‍ ഒരു വര്‍ഗം 

  • മടിയനീച്ച ആണ്‍ തേനീച്ചയാണ്. ഇവന്മാരുടെ കാര്യപ്പെട്ട പണി റാണിയുമായി ഇണ ചേരുക എന്നതാണ്!! വെറുതെയല്ല ഈ പേര് വന്നത്. 

ഞങ്ങളുടെ ജീവിതയാത്ര 

  • ആണീച്ചയുമായി ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍ റാണി തേനറകളില്‍ മുട്ടയിടുന്നു. പ്രതിദിനം ഏതാണ്ട് 2000 മുട്ടകള്‍ ഇടും (ഒരു മിനുട്ടില്‍ 5 -6 മുട്ടകള്‍ എന്ന കണക്കില്‍ ). അതായത് ഒരു വര്‍ഷം കൊണ്ട് 175,000 മുതല്‍ 200,000 മുട്ടകള്‍ വരെ. രണ്ടു തരം മുട്ടകളാണ് റാണി ഇടുക. ഒരു ഇനത്തില്‍ ആണീച്ചയുടെ ബീജം കലര്‍ന്നിരിക്കും. എന്നാല്‍ രണ്ടാമത്തെ ഇനത്തില്‍ ആണ്‍ ബീജം ഉണ്ടായിരിക്കില്ല. ആണ്‍ ബീജം കലര്‍ന്ന മുട്ടയില്‍ (Fertilized egg) നിന്നാണ് പെണ്‍ തേനീച്ചകള്‍ (റാണിയും വേലക്കാരികളും) ഉണ്ടാവുക. ആണ്‍ ബീജം കലരാത്ത മുട്ടയില്‍ (Unfertilized egg) നിന്നും ആണീച്ചകളും ഉണ്ടാകുന്നു. 
  • മൂന്നാമത്തെ ദിവസം മുട്ടകള്‍ വിരിഞ്ഞു വെളുത്ത ലാര്‍വകള്‍ പുറത്തു വരുന്നു. തുടര്‍ന്ന് ആറുദിവസം കൊണ്ട് പ്യൂപ്പ (Pupa) എന്ന ഉറക്കത്തിന്റെ ഘട്ടത്തിലേക്ക് കടക്കും. വീണ്ടുമൊരു ആറു ദിവസം കഴിഞ്ഞാല്‍ അറ പൊട്ടിച്ചു തേനീച്ചകളായി അവ പുറത്തു വരുന്നു.

പെണ്‍ എന്‍ജിനീയര്‍

  • അത്യന്തം അത്ഭുതകരമാണ് തേനീച്ചക്കൂടിന്റെ നിര്‍മാണം. വേലക്കാരികളാണ് കൂട് നിര്‍മിക്കുക എന്ന് മുമ്പ് പറഞ്ഞല്ലോ. ഇതിനു വേണ്ടി അവയുടെ ഉദരത്തിനകത്ത് മെഴുക് ഉല്‍പ്പാദിപ്പിക്കുന്ന ചില ഗ്രന്ഥികള്‍ (wax glands) ഉണ്ട്. 
  • തേനീച്ചക്കൂടിന്റെ അറകളുടെ ആകൃതി ശ്രദ്ധിച്ചിട്ടില്ലേ. ആറു വശങ്ങളുള്ള (Hexagonal) ഈ അറകള്‍ തേനീച്ചയുടെ എന്ജിനീയറിംഗ് മികവ് തെളിയിക്കുന്നു. ഏറ്റവും കുറഞ്ഞ മെഴുക് കൊണ്ട് ഏറ്റവും അധികം തേന്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ആകൃതിയാണ് ഷഡ്ഭുജാകൃതി! കൃത്യതയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം  നമുക്ക്‌ സാധ്യമാകുന്ന ഈ കൊട് നിര്‍മാണം തേനീച്ചക്ക് സാധ്യമാകുന്നത് അവയുടെ ജന്മവാസന (Instinct) മൂലമാണ്.
Apis indica യുടെ കൂട് 

തേനീച്ചകളിലെ ആശയവിനിമയം

  • തേനീച്ചകള്‍ മറ്റു തേനീച്ചകളുമായി ആശയ വിനിമയം നടത്തുന്നത് ഡാന്‍സിലൂടെയാണ്!! പൂക്കളുടെ സ്ഥാനം, ദിശ തുടങ്ങിയവയെ കുറിച്ച് മനസ്സിലാക്കാന്‍ മറ്റു തേനീച്ചകള്‍ക്ക് ഇത് വഴി സാധിക്കുന്നു. 
  • ഏതെങ്കിലുമൊരു തേനീച്ച എവിടെയെങ്കിലും ധാരാളം പൂന്തേന്‍ കണ്ടാല്‍ ഉടന്‍ തന്നെ തേനും പൂമ്പൊടിയും ശേഖരിക്കുകയും എന്നിട്ട് കൂട്ടിലേക്ക് മടങ്ങിയെത്തി നൃത്തം വെച്ച് മറ്റു തേനീച്ചകളെ വിവരമറിയിക്കുകയും ചെയ്യുന്നു. 
  • Waggle dance, Circular dance എന്നീ രണ്ടു തരം നൃത്തങ്ങളാണ് തേനീച്ചക്കുള്ളത്. പൂന്തേന്‍ കാണപ്പെടുന്നത് കൂട്ടില്‍ നിന്നും 100 മീറ്റര്‍ അപ്പുറത്താണെങ്കില്‍ 8 ന്റെ ആകൃതിയിലുള്ള waggle dance ചെയ്യുന്നു. പൂക്കളുടെ സ്ഥാനം എത്ര അകലത്തില്‍ ആണ് എന്നും സൂര്യനെയും കൂടിനെയും ബന്ധിക്കുന്ന നേര്‍രേഖയില്‍ നിന്നും എത്ര ഡിഗ്രി ചെരിഞ്ഞാണ്‌ പൂക്കള്‍ ഇരിക്കുന്ന സ്ഥലമെന്നും ഈ ആശയവിനിമയത്തിലൂടെ മറ്റു തേനീച്ചകള്‍ക്ക് മനസ്സിലാകുന്നു. പൂക്കളുടെ സ്ഥാനം നൂറു മീറ്ററില്‍ കുറഞ്ഞ ദൂരത്താണെങ്കില്‍ അവ വട്ടത്തില്‍ (Circular dance) നൃത്തം ചെയ്യുന്നു.

തേന്‍ മാഹാത്മ്യം 

  • മനുഷ്യന് ഭക്ഷണം നല്‍കുന്ന ഒരേയൊരു ഷഡ്പദമാണ് തേനീച്ച. പണ്ട് കാലം മുതലേ മനുഷ്യന്‍ ഉപയോഗിച്ച് വരുന്ന വളരെയേറെ വിശേഷപ്പെട്ട പാനീയമാണ് തേന്‍ . ഒരു പോഷകാഹാരമായും മരുന്നായും തേന്‍ മനുഷ്യന്‍ ഉപയോഗപ്പെടുത്തുന്നു.
  • ഗ്ലുക്കോസ്, ഫ്രക്ടോസ്, മാല്‍ട്ടോസ്, മേലസിറ്റോസ്, എര്‍ലോസ്, മാനിട്ടോള്‍ , പൊട്ടാസ്യം, സള്‍ഫര്‍ , ക്ലോറിന്‍ , കാല്‍സ്യം, സോഡിയം, ഫോസ്ഫറസ്, മഗ്നീഷ്യം, സിലിക്കണ്‍ , ഇരുമ്പ്, മാംഗനീസ്, ചെമ്പ്‌, നിക്കല്‍ , ബോറോണ്‍ , അസെറ്റിക് ആസിഡ്‌ , മാലിക്കാസിഡ്, തുടങ്ങിയ എണ്ണമറ്റ രാസവസ്തുക്കളും എന്‍സൈമുകളും വിറ്റാമിനുകളും കൊണ്ട് സംപുഷ്ടമായ പോഷക വസ്തുവാണ് തേന്‍ .
  • തേന്‍ മലബന്ധം, ജലദോഷം, ചുമ, തൊണ്ടവേദന, നേത്രരോഗങ്ങള്‍ , മുറിവുകള്‍ തുടങ്ങിയ അനവധി രോഗങ്ങള്‍ക്ക്‌ വിശേഷപ്പെട്ട ഔഷധമാണ്. 
  • പുരാതന ഈജിപ്തില്‍ മമ്മികളെ പൊതിഞ്ഞു സംരക്ഷിക്കാന്‍ തേന്‍ ഉപയോഗിച്ചിരുന്നു. ഇന്ന് കാണുന്ന പിരമിഡുകള്‍ക്കുള്ളില്‍ അവര്‍ വെച്ച തേന്‍ കേടു കൂടാതെ കണ്ടെടുക്കപെട്ടിട്ടുണ്ട്.

മറ്റു വിശേഷങ്ങള്‍ 

  • തേനീച്ചകള്‍ സൂര്യനെ ദിശ മനസ്സിലാക്കാനുള്ള മാര്‍ഗമായി ഉപയോഗപ്പെടുത്തുന്നു. 
  • ഒരു തേനീച്ചക്ക് മിനുട്ടില്‍ ഏകദേശം 11,500 തവണ ചിറകിട്ടടിക്കാന്‍ കഴിയും.
  • തേന്‍ ശേഖരിക്കാന്‍ പാകമായാല്‍ പിന്നെ തേനീച്ചയുടെ ജീവിതകാലം ഏകദേശം ആറ്‌ ആഴ്ചയാണ്. 
  • ഒരു തേനീച്ചക്ക് പച്ച, നീല, അള്‍ട്രാ വയലറ്റ് എന്നീ വര്‍ണങ്ങള്‍ കാണാന്‍ കഴിയും. എന്നാല്‍ ചുവപ്പ് നിറം കറുപ്പായെ കാണൂ. 

5 Comments

  1. അബ്ദുല്‍ ജലീല്‍ കെ.സി.August 1, 2012 at 8:28 PM

    തേന്‍ പോലെ മധുരമുള്ള പോസ്റ്റ്‌ ... അഭിനന്ദനങ്ങള്‍

    ReplyDelete
  2. ഒരു തേനീച്ചക്ക് മിനുട്ടില്‍ ഏകദേശം 11,500 തവണ ചിറകിട്ടടിക്കാന്‍ കഴിയും.

    ente rabbeee....

    ReplyDelete
  3. ദൈവം സൃഷ്ടിച്ചതില്‍ മഹത്തരമായ സൃഷ്ടികളിലൊരു ജീവി........

    ReplyDelete
  4. ചിന്തിക്കുന്ന ജനത്തിന് തേനീച്ചയിൽ ദൃഷ്ടാന്തമുണ്ട്

    ReplyDelete
Post a Comment