Monday, June 4, 2012

മാന്റിസ്‌ വിശേഷങ്ങള്‍

പ്രാണികളിലെ ക്രൂരനായ കഥാപാത്രമാണ് പ്രേയിംഗ് മാന്റിസ്‌ അഥവാ പ്രാര്‍ഥിക്കും തുമ്പി. വളരെയേറെ പ്രത്യേകതയുള്ള ഈ ജീവിയെ കുറിച്ചുള്ള ചില വിശേഷങ്ങള്‍ വായിക്കൂ.


 • പ്രാര്‍ഥിക്കും തുമ്പിക്ക് ആ പേര് കിട്ടാനുള്ള  കാരണമറിയാന്‍ അതിന്റെ രൂപം നോക്കിയാല്‍ മതി. ശാന്തനായി പ്രാര്‍ഥനയോടെ അനങ്ങാതിരിക്കുന്ന  ഒരു സന്യാസിയെ പോലെ തോന്നും. എന്നാല്‍ ഇവന്‍ 'കപടസന്യാസി'യാണെന്ന്  മനസ്സിലാക്കാന്‍ കഴിയാതെ ഇരകള്‍ അടുത്തേക്ക്‌ വരുന്നു. ഇരയുടെ അടുത്തേക്ക്‌ ഇവന്‍ പോകില്ല. ഇങ്ങോട്ട് വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കും. അടുത്തെത്തിയാല്‍ ഒറ്റപ്പിടുത്തം. കഴിഞ്ഞു കഥ! മന്ത്രം തന്നെ ഇവന്റെ തന്ത്രം!!
 • ശരീരം അനക്കാതെ തലമാത്രം തിരിക്കാന്‍ കഴിയുന്ന (300 ഡിഗ്രി വരെ) ഒരേയൊരു പ്രാണിയാണ് മാന്റിസ്‌. അതിനാല്‍ കൂടുതല്‍ വിശാലമായ കാഴ്ച ഇവനുണ്ടായിരിക്കും. 
 • മാന്റിസ്‌ പൂര്‍ണമായും ഇരപിടിക്കുന്ന ജീവിയാണ്. സാധാരണ മറ്റു പ്രാണികളെയാണ് ഇവന്‍ ശരിയാക്കുക. എന്നാല്‍ തരം കിട്ടിയാല്‍ പല്ലി, തവള, ചെറിയ പക്ഷികള്‍ , മല്‍സ്യം മുതലായ ജീവികളെയും തിന്നാന്‍ ഇവക്ക് മടിയില്ല..!!
 • ഇരകളെ കൊല്ലുന്ന കാര്യത്തിലും ഈ പ്രാണിക്ക് സ്വന്തമായൊരു സ്റ്റൈല്‍ ഉണ്ട്. ഇരയുടെ കഴുത്തിലാണ് ആദ്യം കടിക്കുക. അതോടെ ഇര നിശ്ചലമാകും. തുടര്‍ന്ന് മാന്റിസ്‌ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ശരീരഭാഗങ്ങള്‍ തിന്നും. ബാക്കിയുള്ളവ ഉപേക്ഷിക്കും!!
 • ചുറ്റുപാടിനനുസരിച്ചു നിറം മാറാനും കോലം മാറാനും കഴിവുള്ള പ്രാണിയാണ് മാന്റിസ്‌. ഉദാഹരണത്തിന് വല്ല ശത്രുക്കളും വന്നാല്‍ അതിനെ ഭയപ്പെടുത്താന്‍ വേണ്ടി മാന്റിസ്‌ നിവര്‍ന്നു നില്‍ക്കുകയും എന്നിട്ട് മുന്‍കാലുകളും ചിറകുകളും വിടര്‍ത്തുകയും ചെയ്യുന്നു. ശരീരവലിപ്പം കൂട്ടാനുള്ള തന്ത്രമാണ് ഇത്. അപ്പോള്‍ ശത്രു ഭയക്കുമല്ലോ.
 • തീരെ വര്‍ഗസ്നേഹം ഇല്ലാത്ത ജീവിയാണ് മാന്റിസ്‌!! സ്വന്തം ജാതിയെ പോലും പിടിച്ചു കൊന്നു ശാപ്പിടുന്ന ഭയങ്കരന്‍ . ചൈനയില്‍ ചിലയിടങ്ങളില്‍ മാന്റിസിനെ പരസ്പരം പോരടിപ്പിക്കുന്ന വിനോദങ്ങള്‍ നടത്തുന്നത്  ഇവയുടെ ഈ പ്രത്യേകത കൊണ്ടാണ്. മാന്റിസുകളെ കൂട്ടിലടച്ചു പട്ടിണിക്കിടുകയും ശേഷം പന്തയം വെച്ച് അവയെ തമ്മില്‍ പോരടിപ്പിക്കുകയും ചെയ്യുന്നു. കോഴിയങ്കത്തെ പോലെ. 
 • പെണ്‍ മാന്റിസ്‌ സ്വന്തം ഇണയെയും തലയില്‍ കടിച്ചു കൊന്നു തിന്നുമത്രേ. അതും ഇണ ചേര്‍ന്ന് കഴിഞ്ഞതിനു ശേഷം!! ഇരപിടിക്കുന്ന കാര്യത്തിലും ആണ്‍ മാന്റ്സിനേക്കാള്‍ പെണ്‍ മാന്റിസിനാണ് ആവേശം കൂടുതല്‍ !!

3 comments:

 1. കൊള്ളാം. നന്നായിട്ടുണ്ട്. എന്നാലും ഫേസ്ബുക്കില്‍ കൊടുത്തത് കണ്ടപ്പോള്‍ വേറെ എങ്ങാണ്ടൊരു മനുഷ്യ ഭീകരന്‍ എന്നാ കരുതിയത് . പറ്റിച്ചു കളഞ്ഞു.

  ReplyDelete
 2. ഇതിനേക്കാള്‍ വല്യ ഭീകരര്‍ നമ്മുടെ നാട്ടിലും ഇല്ലേ???

  അതും മനുഷ്യരുടെയിടയില്‍ ??!!

  ReplyDelete
  Replies
  1. സത്യം. അവരുടെ മുമ്പില്‍ ഇവനൊക്കെ പരമ സാധു

   Delete